തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുകള്‍ റദ്ദാക്കിയത് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിര്‍ണ്ണായക ഇടപെടല്‍ മൂലമെന്ന് സൂചന. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. പ്രാഥമിക നടപടിക്രമങ്ങള്‍ പാലിക്കാതെ ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ചൂണ്ടിക്കാട്ടി ആയിരുന്നു ചെന്നിത്തലയുടെ നീക്കം. രേഖകള്‍ പരിശോധിച്ച ഗവര്‍ണര്‍ ഭരണപരമായ വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. മുഖ്യമന്ത്രിയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചു. ഇതാണ് തിടുക്കത്തിലുള്ള അനുമതി റദ്ദാക്കലിന് മുഖ്യമന്ത്രി തീരുമാനിച്ചത്.
ചട്ടമിങ്ങനെ…
ജല ലഭ്യത, പരിസ്ഥിതി പ്രശ്നം, സുരക്ഷ എന്നിവയെക്കുറിച്ച് ജില്ലാ അധികൃതരുടെ റിപ്പോര്‍ട്ടും അപേക്ഷകന്റെ പ്രവൃത്തിപരിചയം, സാമ്പത്തികശേഷി എന്നിവയും പരിഗണിച്ച് എക്സൈസ് കമ്മിഷണര്‍ നല്കുന്ന ശുപാര്‍ശയിലായിരിക്കണം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ചട്ടം.
സംഭവിച്ചത്….
പ്രാഥമിക നടപടിക്രമങ്ങള്‍ പാലിക്കാതെ വ്യവസ്ഥകളെല്ലാം ഒഴിവാക്കി എക്സൈസ് വകുപ്പ് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് അപേക്ഷയില്‍ അതിവേഗം അനുമതി നല്‍കുകയായിരുന്നു. ഇതിന് ആധാരമായ തെളിവുകള്‍ ചെന്നിത്തലയുടെ പരാതിയിലുണ്ടായിരുന്നു.
ഗവര്‍ണ്ണറുടെ നിര്‍ണ്ണായക ഇടപെടല്‍….
ഒക്ടോബര്‍ ഒന്നിന് പ്രതിപക്ഷ നേതാവ് പ്രോസിക്യൂഷന് അനുമതി തേടിയതിനു പിന്നാലെ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു. പരാതിയില്‍ 90 ദിവസത്തിനകം തനിക്ക് തീരുമാനമെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചാല്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചു. നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ച കോടതിയില്‍ കുരുക്കാവാനിടയുണ്ട്. രേഖകള്‍ തള്ളിക്കളയാനാവുന്നതല്ലെന്നും പ്രോസിക്യൂഷന് അനുമതി നല്കിയാല് സര്‍ക്കാരിന് ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്നും ഗവര്‍ണര്‍ ധരിപ്പിച്ചു.
〈വാര്‍ത്തകള്‍⇒ നല്‍കാനായി⇒ വിളിക്കുക⇒ 9447105395〉
അര മണിക്കൂര്‍ നീണ്ട ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി, സര്‍ക്കാര്‍ തലത്തില്‍ പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങിയത്. ലൈസന്‍സ് റദ്ദാക്കിയതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നിന്ന് തലയൂരി. ഇപ്പോള്‍ റദ്ദാക്കിയ ലൈസന്‍സുകള്‍ അടുത്ത തവണ ചട്ടങ്ങള്‍ പാലിച്ച് നല്കുകയുമാവാം.


