കോഴിക്കോട്: യുവതിക്കുനേരെ തീവണ്ടിയില്‍ ലൈംഗികാതിക്രമത്തിന് ശ്രമം. എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായത്.
യുവതി അപായച്ചങ്ങല വലിച്ചതോടെ പ്രതി തീവണ്ടിയില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട് ഉള്ള വീട്ടിലേക്ക് പോകുകയായിരുന്നു.
ഇവർ തീവണ്ടിയിലെ അവസാന കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു യാത്ര ചെയ്തു കൊണ്ടിരുന്നത്. ഇതേ ബോഗിയിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചത്. മറ്റൊരു കുടുംബവും ഇതേ ബോഗിയിൽ ഉണ്ടായിരുന്നു. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുടുംബം ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ചാടി രക്ഷപ്പെടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരില്‍നിന്ന് കയറിയതുമുതല്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു.


