വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന. മരണ ദിവസം ശുചിമുറിയില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.
കൊല്ലം പോരുവഴിയില്‍ വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സര്ജന് കെ ശശികലയുടെ സാന്നിധ്യത്തില്‍ ഡമ്മി പരിശോധന നടത്തിയത്.
തറനിരപ്പില്‍ നിന്ന് 185 സെന്റീമീറ്റര്‍ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. 166 സെന്റീമീറ്റര്‍ ഉയരമുള്ള വിസ്മയക്ക് ഈ നിലയില്‍ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഡമ്മി പരിശോധനയുടെ വീഡിയോയും ചിത്രീകരിച്ചു. വിശദമായ പരിശോധനയ്ക്കുശേഷം അന്വേഷണ സംഘം അന്തിമ തീരുമാനത്തില്‍ എത്തും.
പോരുവഴി എസ്ബിഐ ബ്രാഞ്ചിലെ ലോക്കറും തുറന്ന് പരിശോധിച്ചു. മൂന്ന് വലിയ മാലകളും 9 വളകളുമാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. 42 പവന് സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലാക്കിയത് വിസ്മയയും കിരണ്‍ കുമാറും ഒന്നിച്ചാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ എത്തിച്ചതാണ്. പിന്നീട് ഇന്നാണ് വീണ്ടും ലോക്കര്‍ തുറന്നത്.
കിരണ്‍ കുമാര്‍ വിസ്മയയുടെ മരണ ദിവസം താന്‍ മര്‍ദിച്ചിട്ടില്ലെന്ന മൊഴി ആവര്‍ത്തിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് നിര്‍വികാരതയോടെയായിരുന്നു മറുപടികള്‍. നാളെ പ്രതിയെ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ചു തെളിവെടുക്കും.


