ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മുന്‍ ദേശീയ കായിക താരം മയൂഖ ജോണി. കൂട്ടുകാരി നല്കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. ഇരയ്ക്കൊപ്പം തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് മയൂഖ, നീതി നിഷേധം വെളിപ്പെടുത്തിയത്.
പീഡനക്കേസിലെ മുഖ്യപ്രതി ചുങ്കത്ത് ജോണ്‍സനാണ്. ഇയാളെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോള്‍ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും മയൂഖ അറിയിച്ചു.
അന്ന്, ഇര അവിവാഹിതയായിരുന്നു. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കാന്‍ പരാതി നല്‍കിയില്ല. പിന്നീട്, വിവാഹം കഴിഞ്ഞു. മാനഭംഗപ്പെടുത്തിയപ്പോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണി ഉയര്‍ന്നപ്പോള്‍ പരാതി നല്കാന് തീരുമാനിച്ചു. മാത്രവുമല്ല, താമസ സ്ഥലത്തു വന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തി.
2021 മാര്‍ച്ചില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പക്ഷേ, പ്രതിയുടെ അറസ്റ്റ് ഇതുവരേയും നടന്നില്ല. കാര്യങ്ങളെല്ലാം ഇര, മയൂഖയോട് പറഞ്ഞെന്ന് മനസിലാക്കിയതോടെ ഭീഷണി കൂടി. മയൂഖയെ കൊച്ചിയിലെ മാളില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപടെലുണ്ടായെന്ന് മയൂഖ പറയുന്നു. വനിതാ കമ്മിഷന് മുന്‍ അധ്യക്ഷ ജോസഫനും ഇരയ്ക്കൊപ്പം നിന്നില്ലെന്ന് മയൂഖ കുറ്റപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണനയിലാണ്.
തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലാണ് പ്രതികരിച്ചതെന്നും മയൂഖ ജോണി ആരോപിച്ചു. പരാതി പിന്‍വലിക്കാന്‍ ശ്രമം നടന്നു. വനിതാ കമ്മിഷന് വഴി പരാതി നല്കാന് ശ്രമിച്ചെങ്കിലും അവര്‍ ഇടപെട്ടതായി വിവരം ലഭിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും മയൂഖ ജോണി ആരോപിച്ചു.
അതേസമയം, അഞ്ചു വര്‍ഷം മുമ്പ് നടന്ന മാനഭംഗക്കേസില്‍ തെളിവുകള്‍ ഇതുവരെ കിട്ടിയില്ലെന്ന് റൂറല്‍ പൊലീസ് വ്യക്തമാക്കി. മാത്രവുമല്ല, പ്രതിയും ഇരയും തമ്മില്‍ പരസ്പര നിയമ പോരാട്ടം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ഇര ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമം തുടരുകയാണെന്ന് റൂറല്‍ പൊലീസ് അറിയിച്ചു.