കൊല്‍ക്കത്ത: വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന് ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഗുപ്ത . തുടര്‍ച്ചയായി ഡയാലിസിസിനു വിധേയമായിരുന്ന ഇദ്ദേഹം ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു താമസം.
ബംഗാളിലെ മുന്‍ നിര സംവിധായകരില്‍ ഒരാളായിരുന്ന അദ്ദേഹം നിരവധി തവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബാഗ് ബഹദൂര്‍ (1989), ചരാച്ചാര് (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മെയര്‍ ഉപാഖ്യാന്‍ (2002), കാല്‍പുരുഷ് (2008) എന്നീ സിനിമകള്‍ക്ക് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ദൂരത്വ (1978), തഹാദര്‍ കഥ (1993) എന്നീ സിനിമകള്‍ക്ക് മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച കവി കൂടിയായ അദ്ദേഹം നിരവധി കവിതാസമാഹാകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


