ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് കെ.എസ്.ഇ.ബി ട്രയല്‍ റണ്‍ തുടങ്ങി. ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെ.മീറ്ററാണ് തുറന്നത് നാല് മണിക്കൂറാണ് ഡാമിെന്റ ഷട്ടര്‍ തുറന്നുവെക്കുക. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരിക്കുന്നത്. 1992ലായിരുന്നു അണക്കെട്ടി.ന്റെ ഷട്ടര്‍ ഇതിന് മുമ്പ് തുറന്നത്. അണക്കെട്ട് തുറന്നതിന്റെ പശ്ചാത്തലത്തില്‍ ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.
സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടര്‍ തുറന്നതോടെ പെരിയാറിലേക്ക് ഒഴുകുന്നത്. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഷട്ടര്‍ തുറക്കുന്ന വിവരം അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.
ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയല്‍ റണ്‍ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
അതിവേഗം ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ വൈദ്യുതി ബോര്‍ഡ് സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഇടുക്കി അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ് നിഗമനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 26 വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്.


