മ്യാന്മര് തെരുവുകളില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസങ്ങളില്‍ 114 പേരാണ് സൈന്യത്തിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇത്രയധികം പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്.
ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പൊലീസും പട്ടാളവും വെടിവച്ചു കൊന്നത്.
സൈന്യത്തിന്റെ നടപടിയെ അപലപിച്ച് ജപ്പാന്, ദക്ഷിണകൊറിയ, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഡെന്മാക്ക്, ഗ്രീസ്, നെതര്‍ലാന്‍ഡ് തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങള്‍ രംഗത്തെത്തി. സൈനിക നടപടിക്കെതിരെ ഈ രാജ്യങ്ങള്‍ പ്രസ്താവനയിറക്കി.


