കോവിഡ് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി തൊഴിലാളികള്‍ക്ക് താങ്ങായി കോവളം നിയോജക മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ് ആരംഭിച്ച കൈത്തറി ചലഞ്ച് പുത്തന്‍ ചുവടുവയ്പ്പിലേക്ക്. കോവിഡ് മഹാമാരി നിശ്ചലമാക്കിയ കൈത്തറി തൊഴിലാളികളുടെ ജീവിതത്തെ കൈ പിടിച്ചുയര്‍ത്താനായി ആമസോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. ആദ്യഘട്ടത്തില്‍ 400 ഓളം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന നാല് സൊസൈറ്റികളാണ് ആമസോണില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ജിഎസ്ടിയും, പാന്‍ നമ്പറും ലഭ്യമായിട്ടുള്ള മുഴുവന്‍ കൈത്തറി തൊഴിലാളികളേയും ഈ രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അതുവഴി ബാലരാമപുരം കൈത്തറിക്ക് ഒരു മികച്ച വിപണി മൂല്യം നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം അടുത്തകാലത്തു നേരിട്ട രണ്ടു വലിയ പ്രളയവും കോവിഡ് മഹാമാരിയും മൂലം പരിതാപകരമായ ജീവിതാവസ്ഥയിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ് ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികള്‍. ഇവര്‍ക്കൊരു കൈത്താങ്ങായി 2020 നവംബര്‍ ആദ്യവാരം ആരംഭിച്ച കൈത്തറി ചലഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും ബാലരാമപുരം കൈത്തറി ഉല്പന്നങ്ങള്ക്ക് വില നല്കി വാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം എംപി ശശിതരൂരില്‍ നിന്നും മറ്റ് പല പ്രമുഖരില്‍ നിന്നും കൈത്തറി ചലഞ്ചിന് ലഭിച്ച മികച്ച പിന്തുണ വലിയൊരു പ്രചോദനമായിരുന്നു.
തുടര്‍ന്ന് ആമസോണ്‍ അധിക്യതരുമായി നടത്തിയ ചര്‍ച്ചകളില്‍ ഇതേറ്റെടുത്ത് പരമ്പരാഗത കൈത്തറി കുടില്‍ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ ആമസോണ്‍ കാരിഗര്‍ പദ്ധതി സഹകരിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരം പദ്ധതികളിലൂടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മികച്ച മൂല്യം നേടിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ വിന്‍സെന്റ് എം എല്‍ എ പറഞ്ഞു .
ഉടന്‍ തന്നെ ആമസോണുമായി സഹകരിച്ച് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു. ബാലരാമപുരത്തെ മുഴുവന്‍ കൈത്തറി തൊഴിലാളികളെയും ഈ പദ്ധതിയില്‍ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


