കൊച്ചി: പൊലീസ് ഉദേ്യാഗസ്ഥര്‍ പല കേസുകളിലും ജയിലില്‍ കിടക്കുകയും പ്രതികളാകുകയും ചെയ്തിട്ടുണ്ടെങ്കിലും വധശിക്ഷ ലഭിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഇതിന് മുമ്പ് പൊലീസുകാര്‍ പ്രതിയായ കേസെന്ന നിലയില്‍ ഏറെ കോളിക്കളം സൃഷ്ടിച്ച ഒരു കേസ് പ്രവീണ്‍ വധക്കേസായിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ ഡിവൈഎസ്പി ഷാജിക്ക് ലഭിച്ചതാകട്ടെ ജീവപര്യന്തവും.
ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പൊലീസുകാര്‍ക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. കേരളാ പൊലീസിലെ ഇടിയന്മാര്ക്കുള്ള താക്കീത് കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ശിക്ഷ.തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പൊലീസും പിന്നീടു െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.
കേസില്‍ നിര്‍ണായക വഴിത്തിരിവായത് അന്നത്തെ തിരുവനന്തപുരം ആര്.ഡി.ഒ.യുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോലീസുകാര്‍ സംഘം ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ അന്നത്തെ ആര്.ഡി.ഒ. കെ.വി. മോഹന്‍കുമാറിന് അതിജീവിക്കാന്‍ കഴിഞ്ഞതാണ് കേസിന്റെ ഗതിമാറ്റിയത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെവെച്ച് മരിച്ചെന്നാണ് ആര്.ഡി.ഒ.യ്ക്ക് കിട്ടിയ പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മൃതദേഹപരിശോധനയ്ക്കായി അദ്ദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയത്. മുണ്ടുടുത്ത് കിടക്കുന്ന ഒരു യുവാവ്. കാഴ്ചയില്‍ കാര്യമായ പരിക്കൊന്നുമില്ല. എങ്കിലും യുവാവിന്റെ മുണ്ട് അഴിച്ചുമാറ്റി പരിശോധിച്ചു. തുടയില്‍ ബീറ്റ്റൂട്ടിന്റെ നിറത്തില്‍ വലിയ പാടുകള്‍. അടുത്തുനിന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ പെട്ടെന്ന് പറഞ്ഞു: ”അത് സ്കിന്‍ ഡിസീസാണ് സോറിയാസിസ്”.
വിശ്വാസം വരാത്തതിനാല്‍, ആര്.ഡി.ഒ. കരുവാളിച്ചുകിടക്കുന്ന ആ പാടുകളില്‍ തൊട്ടുനോക്കി. പഴുത്ത ചക്കയില്‍ തൊടുംപോലെ വിരലുകള്‍ താഴ്ന്നുപോയി. സോറിയാസിസ് അല്ലെന്ന് ആര്.ഡി.ഒ.യ്ക്ക് മനസ്സിലായി. സംശയം തോന്നിയ അദ്ദേഹം മൃതദേഹം വിശദമായി പരിശോധിച്ചു. ഉപ്പൂറ്റിയില്‍ അടിയേറ്റ പാടുകള്‍. ശരീരത്തില്‍ പലയിടത്തും ഉരഞ്ഞപാടുകളും ചെറിയ പരിക്കുകളും. കസ്റ്റഡിമരണം സംശയിക്കുന്നുവെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആര്.ഡി.ഒ. റിപ്പോര്‍ട്ടിലെഴുതി. ഇതോടെ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് പിടി വീണു. മൃതദേഹത്തിന്റെ തുടയില്‍ കത്തി തൊട്ടപ്പോള്‍ കറുത്ത ചോര ചീറ്റിത്തെറിക്കുന്നതുകണ്ട് പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ അമ്പരന്നു. അവര്‍ പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി. കടുപ്പമുള്ള എന്തോ ഉപകരണംകൊണ്ട് തുടയില്‍ ശക്തിയായി ഉരുട്ടിയതാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ദേശീയമനുഷ്യാവകാശ കമ്മീഷന് കൈ മാറിയതോടെ കളി മാറി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്ന ആവശ്യം സ്വഭാവികമായി ഉയര്‍ന്ന് വന്നതോടെ കേരളാ പൊലീസിലെ ഇടിയന്മാര്ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.


