തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിര്‍ണായകമായി വടക്കാഞ്ചേരി നഗരസഭ. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിപ്പിടിച്ച ലൈഫ് മിഷന് ക്രമക്കേട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്.
ആകെയുള്ള 41 വാര്‍ഡുകളില്‍ 21 ഇടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന് 16 വാര്‍ഡുകളില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ. എന്‍ഡിഎ ഒരു വാര്‍ഡില്‍ ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ മൂന്ന് വാര്‍ഡുകളില്‍ വിജയം സ്വന്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷന് പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എല്‍ഡിഎഫ് തിരിച്ചടിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം.


