ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊന്മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറോളം പേരെ മാറ്റിപ്പാര്‍പ്പിക്കും. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ലയത്തിലെത്തി ആളുകളോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുറെവി ചുഴലിക്കാറ്റ് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍തീരം തൊടും എന്നാണ് വിവരം. തെക്കന്‍ തമിഴ്നാട്ടില്‍ കാറ്റും മഴയും ആരംഭിച്ചു. കേരളത്തിലേക്കെത്തുമ്പോള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത.
തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലേക്കെത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് തീവ്രന്യൂനമര്ദമാകാനാണ് സാധ്യത. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും വ്യാപകമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്.
അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.


