ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. 66 റണ്‍സിനാണ് ആഥേയര് ഇന്ത്യയെ കീഴ്പ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 90 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യ ടോപ്പ് സ്കോററായി. ശിഖര്‍ ധവാന് 74 റണ്‍സെടുത്തു. ഓസീസിനായി ആദം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി.
റെക്കോര്‍ഡ് ചേസിലേക്ക് ബാറ്റു വീശിയ ഇന്ത്യക്ക് ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഓസീസ് ഓപ്പണിംഗ് ബൗളര്‍മാരെ നാലുപാടും അടിച്ചു തകര്‍ത്ത സഖ്യം ആദ്യ വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മായങ്ക് അഗര്‍വാളിനെ (22) ഗ്ലെന്‍ മാക്സ്വലിന്റെ കൈകളിലെത്തിച്ച ജോഷ് ഹേസല്‍വുഡ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി തുടങ്ങിയ വിരാട് കോലിയും (21) ഹേസല്‍വുഡിന്റെ ഇരയായി. ഇന്ത്യന്‍ ക്യാപ്റ്റനെ ഫിഞ്ച് പിടികൂടുകയായിരുന്നു. ശ്രേയാസ് അയ്യരിനെ (2) അലക്സ് കാരിയുടെ കൈകളില്‍ എത്തിച്ച ഹേസല്‍വുഡ് മൂന്നാം വിക്കറ്റും സ്വന്തമാക്കി.
ഹേസല്‍വുഡിനു പിന്നാലെ സാമ്പ വിക്കറ്റ് വേട്ട തുടങ്ങി. ലോകേഷ് രാഹുല്‍ (12) ആയിരുന്നു ആദ്യ ഇര. 101-4 എന്ന നിലയില്‍ നിന്നാണ് ധവാന്- പാണ്ഡ്യ സഖ്യം ക്രീസില്‍ ഒത്തുചേരുന്നത്. അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ പാണ്ഡ്യക്കൊപ്പം ധവാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 31 പന്തുകളില്‍ പാണ്ഡ്യയും 55 പന്തുകളില്‍ ധവാനും ഫിഫ്റ്റി തികച്ചു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാനെ (74) സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച സാമ്പയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെ പാണ്ഡ്യയും (90) മടങ്ങി. പാണ്ഡ്യയെയും പിനാലെ ജഡേജയെയും (25) സാമ്പ-സ്റ്റാര്‍ക്ക് സഖ്യമാണ് പുറത്താക്കിയത്. കളി അവസാനിക്കുമ്പോള്‍ നവദീപ് സെയ്നി (29), ജസ്പ്രീത് ബുംറ (0) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ, ഫിഞ്ച് (114), സ്മിത്ത് (105) എന്നിവരാണ് തിളങ്ങിയത്. 19 പന്തുകളില്‍ 45 റണ്‍സെടുത്ത മാക്സ്വലിന്റെ സ്ഫോടനാത്മക ബാറ്റിംഗാണ് ഓസ്ട്രേലിയയെ 350 കടത്തിയത്.


