കാസര്‍കോട് ഫാഷന്‍ ഗോള്ഡിന് പിന്നാലെ കണ്ണൂരിലും ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. പയ്യന്നൂര്‍ പെരുമ്പയിലെ അമാന്‍ ഗോള്‍ഡ് 35 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. 2016 മുതല്‍ 2019 വരെ പയ്യന്നൂരിലെ പെരുമ്പയില്‍ പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി വന്നത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് പേരുടെ പരാതിയില്‍ ജ്വല്ലറി എംഡി പികെ മൊയ്തു ഹാജിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
തൃക്കരിപ്പൂര്‍ സ്വദേശി നൂറുദ്ദീനില്‍ നിന്ന് 15 ലക്ഷം രൂപയും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമില്‍ നിന്ന് 20 ലക്ഷവും, പെരുമ്പ സ്വദേശി കുഞ്ഞാലിമയില്‍ നിന്ന് മൂന്ന് ലക്ഷവും നിക്ഷേപമായി സ്വകീരിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ച് പണം തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
2019ല്‍ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകര്‍ക്ക് പണം കിട്ടിയില്ല. തുടര്‍ന്ന് ജ്വല്ലറി എംഡി പികെ മൊയ്തു ഹാജി നേരിട്ടെത്തി പണം സാവധാനം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും പണം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. പണം നഷ്ടപ്പെട്ട 20 ഓളം പേര് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പികെ മൊയ്തു ഹാജിയെ കൂടാതെയുള്ള അഞ്ച് ഡയറക്ടര്‍ വിദേശത്താണുള്ളതെന്ന് പൊലീസ് പറയുന്നു. ഇത് തട്ടിപ്പല്ലെന്നും ജ്വല്ലറി നഷ്ടത്തിലായതാണ് പൂട്ടി പോകാന്‍ കാരണമെന്നുമാണ് ഉടമകളുടെ വിശദീകരണം.


