ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. രൂക്ഷ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം വേലായുധന്. തന്നെയും കെ.പി ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രന് പാലിച്ചില്ലെന്നും പരാതി അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും പി.എം വേലായുധന് പറഞ്ഞു. കെ. സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനെതിരെ ശോഭാസുരേന്ദ്രന് പരാതി നല്‍കിയതിന്് പിന്നാലെ പി.എം വേലായുധന് കൂടി പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതോടെ സംസ്ഥാന ബിജെപിയിലെ കലാപം കൂടുതല്‍ രൂക്ഷമായി.
സംസ്ഥാന ബിജെപിയില്‍ മുന്പെങ്ങുമില്ലാത്തവിധം അഭിപ്രായഭിന്നത അതിരൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ പരാതിയുമായും പരസ്യവിമര്ശനവുമായും നിലയുറപ്പിച്ചിരിക്കുന്നു. തന്നെയും കെപി ശ്രീധരനെയും സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തമെന്ന് കെ സുരേന്ദ്രന് വാക്ക് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും മുതിര്‍ന്ന നേതാവ് പി.എം വേലായുധന് തുറന്നടിച്ചു. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി പരിപാടികള്‍ പങ്കെടുപ്പിക്കാതെ തന്നെ അവഗണിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഫോണ്‍ വിളിച്ചാല്‍ തിരിച്ചുവിളിക്കില്ല. മുന്‍ഗാമികള്‍ ഇങ്ങനെയായിരുന്നില്ല. തന്റെ നാടായ പെരുമ്പാവൂരില്‍ പാര്‍ട്ടി പരിപാടി എത്തിയിട്ട് പോലും തന്നെ വിളിച്ചില്ലെന്നും പി.എം വേലായുധന് ആരോപിച്ചു. ശോഭാ സുരേന്ദ്രന് പുറമേ വേലായുധന് കൂടി പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നതോടെ സംസ്ഥാന ബിജെപിയിലെ കലാപം കൂടുതല്‍ രൂക്ഷമായി.
2004 മുതല്‍ 2019 വരെ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു പി.എം വേലായുധന്. തന്നെഒതുക്കാന് ശ്രമിച്ചെന്ന ശോഭാസുരേന്ദ്രന്റെ പരസ്യപ്രസ്താവനയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് സുരേന്ദ്രന് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ബിഎല്‍ സന്തോഷ്, വി. മുരളീധരന്, കെ സുരേന്ദ്രന് ത്രയം പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ വെട്ടിയൊതുക്കുന്നുവെന്നാണ് മറുഭാഗത്തിന്റെ ആരോപണം.