പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുസ്ഥലങ്ങള്‍ അനിശ്ചതകാലത്തേക്ക് കയ്യടക്കിവെച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ സമരങ്ങള്‍ക്ക് അനുമതിയുള്ളൂ എന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ജനാധിപത്യവും എതിര്‍പ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാല്‍ സമരങ്ങള്‍ പ്രത്യേകമായി അനുവദിച്ച മേഖലകളില്‍ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂര്‍വമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ പൊതുയിടങ്ങള്‍ തടസപ്പെടുത്തി സമരം നടത്താന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമര കാലത്ത് കൊളോണിയല്‍ വാഴ്ചയെ എതിരിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. റോഡുകള്‍ അനിശ്ചിതകാലം ഉപരോധിച്ച് സമരം ചെയ്യുന്നവരെ ഒഴിപ്പിക്കേണ്ട ചുമതല ഭരണകൂടത്തിനാണ്. അത് നിര്‍വ്വഹിക്കാതെ കോടതി ഉത്തരവുകള്‍ക്ക് പിറകില്‍ ഒളിക്കരുതെന്നും കോടതി പറഞ്ഞു.


