സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസില്‍ നടന്ന തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന ഉദ്യോഗസ്ഥ സമിതി റിപ്പോര്‍ട്ട് തള്ളി ഫോറന്‍സിക് വിഭാഗം. തീപിടിത്തത്തിനു കാരണമായി ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധസമിതിയും ഫയര്‍ഫോഴ്സും തീപിടിത്തത്തിനു കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.
തീപിടുത്തത്തില്‍ കത്തിയത് ഫയലുകള്‍ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിയിരിക്കുകയാണ് നിലവിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്.
പ്രോട്ടോക്കോള്‍ ഓഫിസില്‍ തീപിടുത്തമുണ്ടായ സമയത്ത് ശേഖരിച്ച 24 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതിനു കാരണമായ ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം കോടതിയില്‍ സമര്‍പ്പിച്ചത്. സ്വിച്ചില്‍ നിന്നു ഫാനിലേക്കുള്ള വയര്‍ അടക്കം പരിശോധിച്ചതില്‍ ഉള്‍പ്പെടുന്നു. പിന്നീട് പൊലീസ് ഫൊറന്‍സിക്കിനു കൈമാറിയ 21 വസ്തുക്കളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. ഇതില്‍ ഫാനും ഉള്‍പ്പെടുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. എഡിജിപി മനോജ് എബ്രഹാം അധ്യക്ഷനായ പൊലീസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല.
തീപിടുത്തം അന്വേഷിക്കാനായി ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയ എ. കൗശികന് അധ്യക്ഷനായ സമിതിയും, ഫയര്‍ ഫോഴ്സും ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. തീപിടുത്തത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് തീപിടുത്തത്തിനു കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം കോടതിയില്‍ നല്‍കിയത്. അതേസമയം പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ തീപിടുത്തമുണ്ടാകുന്നത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്.


