ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് പരിശോധന നടത്തി. വൈക്കം ഡിവൈഎസ്പി കെ.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിയാരത്തുള്ള മഠത്തില്‍ പരിശോധന നടത്തിയത്. പാണപ്പുഴ പറവൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയ സദന് മഠത്തിലും സംഘം പരിശോധന നടത്തും. ജലന്ദര്‍ ബിഷപ്പ് ഇവിടുത്തെ പരിപാടികള്‍ക്കായി എത്തിയപ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ച് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.
അതേസമയം ജലന്ദര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കണ്ണൂര്‍ മഠത്തില്‍ നടത്തിയ പരിശോധനയില്‍ ബിഷപ്പ് നാലു തവണ മഠത്തില്‍ എത്തിയെന്ന് വ്യക്തമായി. എന്നാല്‍ മഠത്തില്‍ താമസിച്ചതായി രേഖകളില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
അതേസമയം, കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോള മുളയ്ക്കല്‍. പരാതിയെ കുറിച്ച് തിരക്കാന്‍ ഇതുവരെ ഫോണില്‍ പോലും പോലീസ് വിളിച്ചിട്ടില്ല. പോലീസ് ജലന്ധറില്‍ എത്തിയാല്‍ അന്വേഷണവുമായി സഹകരിക്കും.
വത്തിക്കാനിലേക്ക് ഒളിച്ചുകടക്കാന്‍ ആഗ്രഹിക്കുന്നില്ല. വിദേശത്തേക്ക് പോകാനും ആഗ്രഹിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ വെറും പ്രചാരണം മാത്രമാണ്. ബിഷപ്പ് ഹൗസില്‍ തന്റെ പതിവ് ജോലികളുമായി പോകുന്നുവെന്നും ബിഷപ്പ് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനില്ല. താന്‍ നിരപരാധിയാണെന്ന് താന്‍ തന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് അന്വേഷണം വരണം. അതുവഴി സത്യം പുറത്തുവരട്ടെ. ബിഷപ്പ് പദവി ഒഴിഞ്ഞ് അന്വേഷണം നേരിടാന്‍ ഉദ്ദേശിക്കുന്നില്ല. സഭയിലെ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും കരുതുന്നില്ല. വത്തിക്കാന്‍ എംബസിയോ പ്രതിനിധിയോ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ബിഷപ്പ് പറയുന്നു.
കന്യാസ്ത്രീയുടെ പരാതിക്കു പിന്നിലെ കാരണം വ്യക്തമല്ല. ആരോപണം കെട്ടിച്ചമച്ചതാണ്. 2014നു ശേഷം തന്റെ നേതൃത്വത്തില്‍ നടന്ന ഒട്ടുമിക്ക ചടങ്ങുകളിലും പരാതിക്കാരിയായ കന്യാസ്ത്രീ പങ്കെടുത്തിരുന്നു. തന്റെ അമ്മയുടെ മരണാനന്തര ചടങ്ങിലും പങ്കെടുത്തിരുന്നു. തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.