പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന് രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു മാതാവ്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മകനെ എന്‍ജിനിയറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷെ എസ്.പി.ബിയിലെ ഗായകന് അടങ്ങിയിരുന്നില്ല. ആലാപന മത്സരങ്ങളില്‍ നല്ല ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ് എസ്.പി.ബി സിനിമാ ലോകത്തേക്ക് എത്തുന്നത്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന് എന്ന ഗിന്നസ് ലോകറെക്കോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.


