പാലാരിവട്ടം പാലം ഡിഎംആര്‍സി നിര്‍മിക്കുന്നത് സൗജന്യമായി. ഇക്കാര്യം ഡിഎംആര്‍സി മുഖ്യഉപദേശകനായ ഇ. ശ്രീധരന് സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് നല്കിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിര്‍മ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്. നിര്‍മാണത്തിന്റെ പ്രവര്‍ത്തനം ഇ.ശ്രീധരന് ഏറ്റെടുക്കണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 കോടി രൂപ ചെലവഴിച്ച് പണിത പാലം മാസങ്ങള്‍ക്കകം തന്നെ പൊളിച്ച് പുതിയ പാലം പണിയേണ്ട സ്ഥിതിയാണ് പാലാരിവട്ടത്ത്. ഈ പശ്ചാത്തലത്തില്‍ ഡിഎംആര്‍സിയുടെ പുതിയ നീക്കം സര്‍ക്കാരിന് ആശ്വാസമാവുകയാണ്.
നേരത്തേ, പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് പ്രകാരം ഇ ശ്രീധരന് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം അപകടാവസ്ഥയിലാണെന്നും, അറ്റകുറ്റപ്പണികള്‍ മതിയാകില്ലെന്നും, പുനര്‍നിര്‍മിക്കണമെന്നും ഇ ശ്രീധരന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐഐടിയുടെ റിപ്പോര്‍ട്ടിനൊപ്പം, ഈ റിപ്പോര്‍ട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയാണ്, കേരളത്തിന് വേണ്ടി അഡ്വ. കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്.
ഇവയെല്ലാം പരിഗണിച്ച സുപ്രീംകോടതി, ഭാരപരിശോധന മതിയാകില്ല, പാലം പുതുക്കിപ്പണിയാന്‍ തന്നെ സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആര്.എസ് നരിമാന് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.
പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരന് എന്നിവര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാന്‍ ഇ.ശ്രീധരന് സന്നധത അറിയിച്ചു.


