രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റം വരുത്തി മൂന്ന് തൊഴില്‍ പരിഷ്കാര കോഡുകള്‍ ലോക്സഭ പാസാക്കി. പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചും പഴയ നിയമങ്ങള്‍ പലതും ലയിപ്പിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് തൊഴില്‍ പരിഷ്കാര കോഡുകള്‍ ലോക്സഭ പാസാക്കിയത്. മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉള്‍പ്പെടുന്നതാണ് ബില്‍.
300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകള്‍ നിശ്ചയിക്കാനും മുന്‍കൂര്‍ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശമുണ്ടാകും. നിലവില്‍ 100ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണിത് ബാധകം. അതേസമയം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടക്കം എല്ലാ തൊഴിലാളികള്‍ക്കും ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യം ബില്ല് വാഗ്ദാനം ചെയ്യുന്നു.
അസംഘടിത, ഓണ്‍ലൈന്‍, സ്വയം തൊഴിലുകാര്‍ക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ തൊഴിലാളികള്‍ക്ക് പുരുഷന്മാരുടേത് പോലെ തുല്യമായ വേതനം, കരാര്‍ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി, അവധി- സേവന- വേതന ആനുകൂല്യങ്ങള്‍ എന്നിവയാണ് ബില്ലിലെ മറ്റ് സുപ്രധാന നിര്‍ദേശങ്ങള്‍.