എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. എടനീര്‍ മഠത്തില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്. ഭൂപരിഷ്കരണ നിയമത്തിനെതിരെ നല്കിയ ഹര്‍ജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി.
ഭൂപരിഷ്കരണ നിയമപ്രകാരം കാസര്‍ഗോഡിന് സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു.


