തിരുവനന്തപുരത്ത് ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടാനേതാവ് ശരത്ലാലിന് വെട്ടേറ്റു. സമീപത്തെ കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത്ലാല് രക്ഷപ്പെട്ടത്. വെട്ടിയ ദീപു ഒളിവിലാണ്.
ഇരുവരും ബൈക്കില്‍ യാത്ര ചെയ്യവെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ശരത്ലാല് ബൈക്കില്‍ നിന്നിറങ്ങി നടക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ശരത്ലാല് വീണ്ടും തിരിച്ച് ദീപുവിന്റെ അടുത്തേക്ക് വരികയും ഈ സമയം ബാഗിലിരുന്ന വാളെടുത്ത് ദീപു വെട്ടുകയുമായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടനായി ശരത്ലാല് അടുത്തുള്ള വീട്ടില്‍ ഓടിക്കയറുകയായിരുന്നു. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ശരത്ലാലിനെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം തനിക്ക് പരാതിയില്ലെന്ന ശരത്ലാലിന്റെ നിലപാടിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തിന്റെ സിസിറ്റിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.


