തിരുവനന്തപുരം: വ്യാപകമായ രീതിയില്‍ രാസവസ്തു കലര്‍ത്തിയ മീനുകള്‍ സംസ്ഥാനത്തേയ്ക്ക് വ്യാപകമായി എത്തിയതോടെ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. 2006 ലെ ഭക്ഷ്യസുരക്ഷാ ആക്ട് കര്‍ശനമാക്കുന്നത് പരിശോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മിഷണറും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. മീനില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ ഇന്നും 9000 കിലോ മായം കലര്‍ന്ന മത്സ്യം പിടികൂടിയിരുന്നു.
അതേസമയം, മീനുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് സ്ഥിരീകരിക്കാനാകാതെ ഭക്ഷ്യ സുരക്ഷ വകുപ്പ്. ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല. ആന്ധാപ്രദേശില്‍ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീന്ഇന്നു തന്നെ തിരിച്ചയക്കും.

ഓപ്പറേഷന് സാഗരറാണിയുടെ രണ്ടാം ഘട്ടത്തിലാണ് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ചെമ്മീനില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നിരുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ ലോഡുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിലവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. മത്സ്യത്തില്‍ നിന്നും ഫോര്‍മാലിന്‍ കണ്ടെത്തിയെന്ന സിഫ്റ്റിന്റെ റിപ്പോര്‍ട്ട് ആന്ധ്ര പ്രദേശ് ഭക്ഷ്യസുരക്ഷാ കമ്മിഷണറെ അറിയിക്കും. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


