ആഗ്ര: താജ്മഹലിന് സമീപത്ത് ശാഖ നടത്താനുള്ള ആര്‍എസ്എസിന്റെ ഭീഷണിയില്‍ ഒടുവില്‍ ആഗ്ര ഭരണകൂടം തലകുനിച്ചു. ശാഖ നടത്താന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സ്ഥലത്ത് നടത്തിയ കുത്തിയിരിപ്പ് സമര ഭീഷണിക്ക് ആഗ്രാ ഭരണകൂടം വഴങ്ങുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ശാഖ നടത്താന്‍ അനുമതി നല്കി. നേരത്തേ താജ്മഹലിന് സമീപമുള്ള പവന് ധാം കോളനയില്‍ ശാഖ നടത്തുന്നത് പോലീസ് തടഞ്ഞതോടെയായിരുന്നു തര്‍ക്കം തുടങ്ങിയത്, തുടര്‍ന്നായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടാണ് അനുമതി നല്‍കിയത്. കനത്ത പോലീസ് സംരക്ഷണയിലുള്ള സ്ഥലത്ത് ആര്‍എസ്എസ് ശാഖ അനുവദിച്ചതിന് പുറമേ പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള ഉള്ള ഉദ്യോഗസ്ഥനെ റിസര്‍വ് പോലീസിലേക്ക് മാറ്റുകയും ചെയ്തു.
താജ്മഹലിന് സമീപത്ത് ശാഖ നടത്താനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ആര്‍എസ്എസുകാര്‍ സ്ഥലത്ത് പ്രതിഷേധ ധര്‍ണ നടത്തി. എന്ത് വില കൊടുത്തും ശാഖ നടത്തും എന്നാണ് ആര്‍എസ്എസ് ധാര്‍ഷ്ട്യം.കഴിഞ്ഞ 6 മാസത്തോളമായി കനത്ത സുരക്ഷയിലാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെ ഇവിടെ ശാഖ നടത്താന്‍ അനുവദിക്കുന്ന പ്രശ്നമുദിക്കുന്നതേ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയത്. തര്‍ക്ക പ്രദേശം താജ്മഹലും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ സംവിധാനത്തിന് അകത്താണ്. ഇവിടങ്ങളില്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിപാടി നടത്താന്‍ പോലീസ് അനുവദിക്കാറില്ല. പ്രസ്തുത സ്ഥലത്ത് മുസ്ലീംങ്ങളെ ഉറൂസ് നടത്താന്‍ പോലും പോലീസ് അനുവദിക്കാറില്ല. സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ 24 മണിക്കൂറും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പോലീസുകാര്‍ സ്ഥലത്ത് നിന്നും മാറിനില്‍ക്കണമെന്നും യാതൊരു വിധ ഉപാധിയും കൂടാതെ തന്നെ സ്ഥലത്ത് നിശ്ചയിച്ച പ്രകാരം ശാഖ നടത്താന്‍ അനുവദിക്കണം എന്നുമായിരുന്നു ആര്‍എസ്എസുകാരുടെ ആവശ്യം. വര്‍ഷങ്ങളായി ഈ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ആര് എസ് എസ് ശാഖ നിരോധിച്ച് ഇവിടെ പോലീസ് പ്രശ്നം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആഗ്രാ എംഎല്‍എ യോഗേന്ദ്ര ഉപാദ്ധ്യായ ആരോപിച്ചു. ഇവിടം പഴയ മുസ്ളീം പള്ളി ഇരുന്ന സ്ഥലമാണെന്ന് ആരോപിച്ച് മുസ്ളീങ്ങള്‍ രംഗത്ത് വന്നതോടെ ഇവിടെ തര്‍ക്കം ഉടലെടുത്തിരുന്നു. അത് വര്‍ഗ്ഗീയ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടം വിഷയം സംസ്ഥാന സര്‍ക്കാരിന് വിട്ടിരുന്നു.
തീവ്രവാദികളെ വളര്‍ത്തുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ശാഖ വഴി തീവ്രവാദികളെ വളര്‍ത്തുന്നുവെന്ന് ആക്ഷേപിച്ചതായും ആരോപണമുണ്ട്. പോലീസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നാണ് നേരത്തെ സ്ഥലത്തെ മുസ്ലീം സമൂഹം ആരോപിച്ചിരുന്നത്. എന്നാലിപ്പോള്‍ മുസ്ലീം സമുദായം ഇടപെട്ടാണ് പോലീസ് ശാഖ നിര്‍ത്തിച്ചത് എന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒരു പരിപാടിയും സ്ഥലത്ത് അനുവദിക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പോലീസ്. രണ്ട് ദിവസങ്ങളായി സംഘര്‍ഷത്തിന്റെ വക്കിലാണ് താജ്മഹല്‍ പരിസരം. അതിനിടയില്‍ താജ്മഹലിനെ മറ്റൊരു ബാബ്റി മസ്ജിദാക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന ആശങ്കകളും ശക്തമാണ്. കഴിഞ്ഞ ആഴ്ചയാണ് താജ്മഹലിന് സമീപത്തുള്ള ഗേറ്റ് ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് വിഎച്ച്പിക്കാര്‍ തകര്‍ത്തത്.
അടുത്ത കാലത്തായി തുടര്‍ച്ചയായി താജ്മഹലിനെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. താജ്മഹലിന്റെ യഥാര്‍ത്ഥ നാമം തേജോമഹാലയ എന്നാണെന്നും അത് ശിവക്ഷേത്രമായിരുന്നുവെന്നുമാണ് ഒരു കൂട്ടം പ്രചരിപ്പിക്കുന്നത്.