പെരുമ്പാവൂരിലെ റയോണ്‍പുരം പാലം പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഈ മാസം ഇരുപതിന് അവസാനിക്കുന്ന ടെന്‍ഡര്‍ ഇരുപത്തിനാലിന് തുറക്കും. കലുങ്കിന്റെ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായ റയോണ്‍പുരം പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് 2.57 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിരിക്കുന്നത്. പതിനെട്ട് മീറ്റര്‍ നീളത്തിലും ഒന്‍പത് മീറ്റര്‍ വീതിയിലുമാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ ഒരു വശത്ത് നടപ്പാതയോടെയാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ സാങ്കേതികാനുമതി കഴിഞ്ഞ ദിവസമാണ് ലഭ്യമായത്.
പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിനോട് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ എം.എല്‍.എ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി ജി സുധാകരന്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ എന്നിവരുമായി എം.എല്‍.എ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അപകടാവസ്ഥയിലായ പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്ന 168 പാലങ്ങളുടെ പട്ടികയില്‍ റയോണ്‍പുരം പാലത്തെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
വല്ലം നിവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാലം എന്നതിനപ്പുറം നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോള്‍ ഈ പാലം ഉപയോഗപ്പെടുത്തി വല്ലം, ചൂണ്ടി ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുമായിരുന്നു. അന്‍പത് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഒരു പ്രധാന പാലമാണ് റയോണ്‍പുരം പാലം.