പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 21 കാരന് അറസ്റ്റിലായി. ഇടുക്കി ബൈസന്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനെ (21) നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പ്രണയം നടിച്ച് വശത്താക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഇയാള്‍ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പ്രതി രാത്രിയില്‍ തന്നെ പെണ്‍കുട്ടിയെയും കൂട്ടി ശാന്തന്‍പാറക്ക് സമീപം പുത്തടിയിലെത്തി.
ഇവിടെവച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പുലര്‍ച്ചെ തന്റെ പിതാവിനെ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ പിതാവ് ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് ഉടന്‍ തന്നെ സസ്ഥലത്തെത്തി. അതേസമയം പൊലീസ് വരുന്നത് കണ്ട പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ അമ്മയുടെയും വനിതാ പൊലീസിന്റെയും സാന്നിധത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെയാണ് പ്രതിക്കെതിരെ കേസെടുത്തത്.
പോക്സോ നിയമ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇതിനിടെ ഒളിവില്‍ പോകാനായി പ്രതി നെടുങ്കണ്ടം ടൗണില്‍ എത്തിയതായി വിവരം ലഭിച്ചതോടെ ഇവിടെ എത്തി പ്രതിയെ പോലീസ്്് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോവിഡ് പരിശോധനകള്‍ നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ. ശ്രീധരന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ. ദിലീപ്കുമാര്, ഷാജി, എ.എസ്.ഐ. റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.


