മാനന്തവാടിയില്‍ മകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മാനന്തവാടിയിലെ മുതിരശ്ശേരിയിലാണ് അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം നടന്നത്. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
പുഴയില്‍ കുളിക്കാനിറങ്ങിയ മകളുടെയും കൂട്ടുകാരികളുടെയും ചിത്രം പകര്‍ത്തിയത് പിതാവ് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിതരാക്കിയത്. മാത്രമല്ല, ചിത്രം പകര്‍ത്തിയതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടികളോട് പ്രതികള്‍ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തെ സംബന്ധിച്ച് പരാതി നല്‍കിയിട്ട് പോലീസ് നടപടി സ്വീകരിച്ചിട്ടിലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വിശദീകരിച്ചു.


