തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ കൈമാറാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. രോഗാണുക്കൾ അതിവേഗതയിൽ വർധിക്കുന്നു. സംസ്ഥാനത്ത് ജാഗ്രത നല്ല പോലെ തുടരണം. ഇന്നൊരാശ്വാസം ഉള്ളത്, പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ മലയാളിയായ ഒരാൾക്ക്, മാഹിയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17743 പേർ വീടുകളിലാണ്. 268 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5372 പേർ പുതുതായി നിരീക്ഷണത്തിലായി. 4353 പേരെ രോഗബാധ ഇല്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ഉറപ്പുവരുത്തണം. മെഡിക്കൽ സർവകലാശാല അതിന് നേതൃത്വം കൊടുക്കും. ഐഎംഎ സഹകരിക്കും. പാരാ മെഡിക്കൽ വിദ്യാർത്ഥികളും ജീവനക്കാരും ഇതിന്റെ കാര്യങ്ങൾക്കായി ഉപയോഗിക്കും. ഐഎംഎ ഇതിനുള്ള നടപടികൾ സ്വീകരിക്കും.

