ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കുന്നതാണ് ഇപ്പോഴത്തെ സജീവമായ ചര്‍ച്ച വിഷയം.
പി ജയരാജന് പാര്‍ട്ടി ജില്ലാ കമ്മിറ്റി കാര്‍ വാങ്ങി കൊടുത്തതും ഒപ്പം തന്നെ പല രാഷ്ട്രീയ നേതാക്കള്‍ക്കും അവരവരുടെ പാര്‍ട്ടികള്‍ കാര്‍ വാങ്ങി നല്‍കുന്നതുമെല്ലാമാണ് ഇപ്പോള്‍ ചര്‍ച്ച. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃത്താല എംഎല്‍എ വി.ടി ബല്‍റാം.
രമ്യക്കോ ജയരാജനോ കാര്‍ വാങ്ങിയ കൊടുത്തത് അല്ല മറിച്ച് തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഗൂഢാലോചന നടത്താന്‍ ഉപയോഗിച്ച് കാറാണ് ഇപ്പോള്‍ അന്വേഷിക്കേണ്ടത് എന്നാണ് ബല്‍റാമിൻ്റെ പക്ഷം. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇത്തരം വിമര്‍ശം ഉന്നയിക്കുന്നത്.
ബല്‍റാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപം
ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,
ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പൊലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പൊലീസിൻ്റെ കണ്മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്.


