താരങ്ങളേക്കാൾ ആവേശത്തോടെ പാപ്പരാസികൾ പിന്തുടരുന്ന ഒരു താരപുത്രിയേ ബോളിവുഡിലുള്ളൂ. കിങ് ഖാന്റെ മകൾ സുഹാന ഖാന്. സുഹൃത്തിനൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുന്ന സുഹാനയുടെ വിഡിയോയും ആരാധകർ ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു.
സുഹാനയുടെ ഫാൻ പേജുകളിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും സെക്കന്റു മാത്രം നീണ്ടു നിൽക്കുന്ന വിഡിയോയിൽ വളരെ ആവേശത്തോടെ സുഹാനയും സുഹൃത്തും നൃത്തം ചെയ്യുന്നതു കാണാം. വെള്ള ടോപ്പും കറുപ്പ് ഷോർട്സുമാണ് വേഷം. വിഡിയോയുടെ കൂടുതൽ ഭാഗം പങ്കുവെയ്ക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ലണ്ടനിലെ അർഡിംഗിലി കോളജിൽ അവസാന വർഷ വിദ്യാർഥിനിയാണ് സുഹാന. ഇതെല്ലാം സിനിമാ പ്രവേശനത്തിനുള്ള മുന്നൊരുക്കമായാണ് ആരാധകർ കാണുന്നത്. കോളജ് നാടക സംഘത്തിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ് താരപുത്രി. സുഹാനയുടെ നാടകത്തിലെ പ്രകടനം കാണാൻ ഷാരുഖ് അടുത്തിടെ ലണ്ടനിലെത്തിയിരുന്നു.
മക്കളായ ആര്യനും സുഹാനയ്ക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് ഷാരുഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഇതെന്നും ഷാരുഖ് വ്യക്തമാക്കി.


