മൂവാറ്റുപുഴ: മാറാടി – പെരുവംമൂഴി ബൈപാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി 2.50-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച് മറാടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് 2.50-കോടി രൂപ അനുവദിച്ചത്. ഇതോടെ മാറാടി പെരുവംമൂഴി ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
റോഡിന്റെ ബാക്കിയുള്ള ഭാഗത്ത് ടാറിങ് പൂര്‍ത്തീകരിച്ചിട്ടും രണ്ട് കിലോമീറ്ററോളം ഭാഗം തകര്‍ന്ന് നാശമായി കിടക്കുകയായിരുന്നതിനാല്‍ ബൈപാസിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. അഞ്ച് കീലോമീറ്ററോളം റോഡാണ് ബി.എം.ബി.സി. നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. മേളക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ 12 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡിന്റെ വളവ് നിവര്‍ത്താനായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തിക്ക് ആറര സെന്റ് സ്ഥലം തിരികെ വിട്ട് കൊടുക്കുകയും ഈ സ്ഥലത്തിന് പട്ടയം ലഭ്യമാക്കി നല്‍കുകയും ചെയ്യ്തിരുന്നു. ഈ ഭാഗം വരെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. റോഡിന്റെ ഈസ്റ്റ് മാറാടി പള്ളികവല മുതല്‍ മാറാടി പഞ്ചായത്ത് ജംഗ്ഷന് വരെ 10-മീറ്റര്‍ വീതിയില്‍ ബി.എം, ബിസി നിലവാരത്തില്‍ ടാര്ചെയ്യുന്നതിനാണ് 2.50-കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
എം.സി.റോഡിലെ ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ-പിറവം റോഡിനെ മുറിച്ച് കായനാട് കവല വഴി പെരുവംമൂഴിയില്‍ എത്തിച്ചേരുതാണ് നിര്‍ദിഷ്ട ബൈപാസ്. തദ്ദേശവാസികള്‍ പലയിടത്തും സ്ഥലം സൗജന്യമായി നല്‍കിയതോടെ ഭൂമി ഏറ്റെടുക്കലിന് വലിയ സാമ്പത്തീക ബാധ്യത സര്‍ക്കാരിന് നേരിട്ടിരുന്നില്ല. ബൈപാസ് റോഡ് പൂര്ത്തിയായകുന്നതോടെ ഏഴ് കിലോമീറ്റര്‍ ദൂരകുറവില് കോട്ടയം, പാലാ, കൂത്താട്ടുകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് മൂവാറ്റുപുഴ നഗരത്തില്‍ വരാതെ എറണാകുളം, നെടുമ്പാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും.


