ലകനൗ: നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ചരിത്രകുതിപ്പിൽ കനത്ത തോൽവി നേരിട്ടതോടെ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര് രാജി സമര്‍പ്പിച്ചു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു രാജിക്കത്തയച്ചു.
കോൺഗ്രസ് കർണാടക പ്രചാരണ തലവൻ എച്ച്. കെ. പാട്ടിൽ, ഒഡീഷ സംസ്ഥാന അധ്യക്ഷൻ നിരജ്ഞൻ പട്നായിക്ക് തുടങ്ങിയവരും രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ രാഹുൽ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
പ്രധാനമന്ത്രി സ്ഥാനാർഥി തന്നെ അരലക്ഷം വോട്ടിനു തോറ്റ അമേഠിയിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്രയും രാജി വച്ചു. 2014 ലെ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. ഒരു ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. 2019 ൽ സ്മൃതി ഇറാനി ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ രാഹുലിന് കഴിഞ്ഞില്ല. അടിയന്തരാവസ്ഥാ കാലത്തു സഞ്ജയ് ഗാന്ധിയെ അമേഠി കൈവിട്ടിരുന്നു. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി. കോൺഗ്രസിന്റെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഴുവൻ സമയ പ്രചാരണത്തിനു യുപിയിൽ ഇറക്കിയിട്ടും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രമാണ് കോൺഗ്രസിനു ഒപ്പം നിന്നത്. ഫത്തേപൂർ സിക്രി മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബർ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ദയനീയമായി തോറ്റു. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ താൻ തീരുമാനിച്ചതെന്ന് ബബ്ബർ പറഞ്ഞു.


