കൊല്ലം പുനലൂരിൽ എട്ടു വയസ്സുകാരിക്ക് ചികിത്സനിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നായ കടിയേറ്റ നിയ ഫൈസലിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ ഡോക്ടർമാരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്ന മാതാവിന്റെ സ്വകാര്യ ഹർജിയുടെ പശ്ചാത്തലത്തിൽ, കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡോക്ടേഴ്സിനെ പ്രതിചേർത്താണ് എഫ്ഐആർ. ഈ കേസിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ നാല് ഡോക്ടേഴ്സാണ് പ്രതികൾ.
പുനലൂർ താലൂക്ക് ഇമ്മ്യുണോഗ്ലോബിൻ ഇഞ്ചക്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാലിച്ചില്ലെന്നും, ഡ്യുട്ടി ഡോക്ടർമാരെ സംരക്ഷിക്കുന്ന ഇടപെടൽ സൂപ്രണ്ടിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നും എഫ്ഐആറിലുണ്ട്. 2025 മെയ് മാസമാണ് പേ വിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് നിയ മരിച്ചത്.


