കോഴിക്കോട്: കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ലെന്നും, അത് സ്ഥാപനവൽക്കൃത കൊലപാതയാണെന്നും നടൻ പ്രേംകുമാർ. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും നോക്കി മനുഷ്യനെ വേർതിരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. രോഹിത് വെമുലയെപ്പോലെ വ്യവസ്ഥിതിയുടെ ഇരയായി മാറിയ മറ്റൊരു പേരാണ് നിതിൻരാജിന്റേതെന്നും, പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടുന്ന നാം യഥാർഥത്തിൽ ഒരു കെട്ടകാലത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ആകൃതിയും പ്രകൃതിയും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള ആയുധങ്ങളായി ചിലർ ഉപയോഗിക്കുന്നുണ്ടെന്ന് പ്രേംകുമാർ ചൂണ്ടിക്കാട്ടി. ഒരു ഡോക്ടറായി മകൻ തിരിച്ചുവരുന്നത് കാത്തിരുന്ന നിതിൻരാജിന്റെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടത്. അധ്യാപക വേഷധാരികളായ ചിലരുടെ നിരന്തരമായ പീഡനമാണ് ഈ മരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത്തരം ക്രൂരമായ അവഹേളനങ്ങൾ നേരിടുന്നവർ എല്ലാ മേഖലകളിലും ഉണ്ടെന്നും, പലപ്പോഴും അപകർഷതാ ബോധത്താൽ ആത്മഹത്യയിലോ കൊലയിലോ ഒടുങ്ങുന്നവർ മാത്രം വാർത്തയാവുന്ന ദയനീയാവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


