കൊച്ചി : മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് കോടതിയില്‍ നീനുവിന്റെ മൊഴി. മര്‍ദനമേറ്റതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകള്‍ കോടതിക്കു കാണിച്ചുനൽകി. പൊട്ടിക്കരഞ്ഞാണു നീനു പിതാവിനും സഹോദരനും എതിരെ മൊഴി നല്‍കിയത്.

കെവിന് ജോസഫിനെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിലെന്നു മൊഴി നൽകിയ നീനു, തന്റെ പിതാവ് ചാക്കോയും സഹോദരന് ഷാനുവുമാണ് കൊലയ്ക്ക് പിന്നിലെന്നും കോടതിയിൽ പറഞ്ഞു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പിതാവ് ചാക്കോ തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കെവിനെ എസ്ഐ ഷിബു കഴുത്തിനു പിടിച്ചു തളളിയെന്നും നീനു മൊഴി നൽകി.
പിതാവിനൊപ്പം പോകാന്‍ എസ്ഐ ആവശ്യപ്പട്ടതായും നീനു പറഞ്ഞു. കെവിനെ കാണാതായപ്പോള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു എസ്ഐ ചോദിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് തന്റെ ബന്ധു നിയാസിനെ ഫോണില്‍ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കെവിന്റെ ബന്ധു അനീഷ് സ്റ്റേഷനിലെത്തി നല്കിയ വിവരം അനുസരിച്ചാണ് നിയാസിനെ വിളിച്ചത്. എന്നാല്‍ നിയാസ് കൃത്യമായ മറുപടി നല്‍കിയില്ല. താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണി മുഴക്കിയിരുന്നതായും നീനു വിസ്താരത്തില്‍ വ്യക്തമാക്കി.
കെവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചാണ് വീട് വിട്ടതെന്നും നീനു വ്യക്തമാക്കി. നീനുവിന്റെ സഹോദരന് ഷാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു ഷാനുവിന്റെ ശബ്ദം നീനു കോടതി മുമ്പാകെ തിരിച്ചറിഞ്ഞു.


