ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം.

2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്ത് കൊണ്ട് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചുവെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിക്കുന്നു. കണക്കുകള്‍ മറച്ചുവയ്ക്കുന്നത് മോദി സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയായിരുന്നുവെന്നും രണ്‍ദീപ് സിങ് വിമര്‍ശിച്ചു.
നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സര്‍ക്കാര്‍ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേര്‍ത്താല്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
തോല്‍വി ഉറപ്പായപ്പോള്‍ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണങ്ങളുമായി വരികയാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരന് തന്നെയാണ്. 2015ല്‍ രാഹുലിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതാണ് എന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.


