
മുംബൈ: മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക ശിവസേനയില്‍ അംഗത്വമെടുത്തത്. ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവര്‍ ഉദ്ധവ് താക്കറേക്കും ആദിത്യ താക്കറേക്കും നന്ദി പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പേരുപറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ടെന്ന് പ്രിയങ്ക ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്കുവേണ്ടി താന്‍ വിമര്‍ശനങ്ങളും അപമാനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും അത് സങ്കടകരമാണെന്നും പ്രിയങ്ക ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രയങ്കയോട് ചില പ്രാദേശിക പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയത്. ആരോപണ വിധേയരായവരെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അവരെ തിരിച്ചെടുത്തു. ഇതാണ് രാജിയിലേക്ക് വഴിതെളിച്ചത്.


