പെരുമ്പാവൂര്‍ : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ നെല്ലിമോളം പെരിയാര്‍ വാലി കനാലിന് കുറുകെ നിര്‍മ്മിച്ച പാലം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ഈ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 22.50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
11 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള ഈ പാലത്തിന്റെ നിര്‍മ്മാണ ചുമതല ജലസേചന വകുപ്പിനായിരുന്നു. നെല്ലിമോളത്ത് നിന്ന് തായ്ക്കരചിറ ഭാഗത്തേക്കും, പണിക്കരമ്പലം വഴി കീഴില്ലം ഭാഗത്തേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് പുതിയ പാലം ഉപകരിക്കും. നിലവില്‍ ഉണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കം മൂലം സഞ്ചാര യോഗ്യമല്ലാതെ ആയതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ ഫണ്ട് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഐസക് തുരുത്തിയില്‍ ( ചാണിക്കുട്ടി ) സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്തംഗം ബേസില്‍ പോള്‍, പഞ്ചായത്ത് അംഗങ്ങളായ രാജന് വര്‍ഗീസ്, ലതിക സുതന്, മേരി പൗലോസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സണ്‍ കെ.വി, പെരിയാര്‍ വാലി ഉദ്യോഗസ്ഥരായ കെ.എം അലിയാര്, ശ്രീകുമാര്‍, റീത്തമ്മ എന്നിവര്‍ സംസാരിച്ചു.


