വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ലാദന് തീവ്രവാദത്തിന്റെ മുഖമായി വളര്‍ന്ന് വരുകയാണെന്ന വിവരത്തെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി. ഹംസയുടെ താവളം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്കുന്നവര്ക്കാണ് പാരിതോഷികം.

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസയുടെ താവളം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, സിറിയ ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കാം അല്ലെങ്കില്‍ ഇറാനില്‍ വീട്ട് തടങ്കലില്‍ ആയിരിക്കാം എന്നിങ്ങനെയാണ് വര്‍ഷങ്ങളായുള്ള അനുമാനം.
ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2011ല്‍ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയില്‍ 2015ല്‍ സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.
ഒസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.


