പത്തനംതിട്ട: നാഥനില്ലാ കളരികളായി പത്തനംതിട്ടയിലെ സർക്കാർ പ്രൈമറി സ്കൂളുകൾ. ജില്ലയിലെ 40ലധികം പ്രൈമറി സ്കൂളുകളിലാണ് ഹെഡ്മാസ്റ്റർമാരില്ലാത്തത്. അധ്യാപകരുടെ സർവിസ് കാർഡുകളും സീനിയോരിറ്റി ലിസ്റ്റുകളും ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ സർക്കുലർ ഇന്നലെ മാത്രമാണ് പുറപ്പെടുവിപ്പിച്ചത്.
2026 ജനുവരിയിൽ സംസ്ഥാന വ്യാപകമായി ഹെഡ്മാസ്റ്റർ നിയമനത്തിനു വേണ്ടിയുള്ള സർവിസ് കാർഡുകൾ വിളിച്ചു തുടങ്ങിയത് ആണ്. അതിന്റെ ഭാഗമായി എല്ലാം ജില്ലകളിലും സീനിയൊരിറ്റി ലിസ്റ്റ് പൂർത്തിയാക്കി നിയമനങ്ങളും പൂർണമായി. എന്നാൽ പത്തനംതിട്ട ജില്ലയിൽ മാത്രം സർവിസ് കാർഡുകളും സീനിയോരിറ്റി ലിസ്റ്റുകളും ഇന്നലെ മാത്രമാണ് ക്ഷണിച്ചത്. ഇതോടെ ജില്ലയിലെ 40ലധികം സർക്കാർ സ്കൂളുകൾ ഇനിയും അനാഥമായി തന്നെ തുടരും.
ഹെഡ്മാസ്റ്റർമാർ ഇല്ലാത്തത് പ്രാഥമികാ വിദ്യാഭ്യാസ മേഖലയിൽ വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. സീനിയോരിറ്റി ലിസ്റ്റ് വന്ന ശേഷം പ്രമോഷൻ താത്കലികമായി വേണ്ടന്ന് വയ്ക്കുന്നതിനുള്ള അവസരം നൽകേണ്ടതുണ്ട്. അതിന് ശേഷമാണ് ഫൈനൽ ലിസ്റ്റ് തയാറാക്കേണ്ടത്. എന്നാൽ പത്തനംതിട്ടയിൽ ഈ മൂന്ന് നടപടികളും നടന്നിട്ടില്ല. ആകെ നടന്നത് സീനിയോരിറ്റി ലിസ്റ്റും, സർവീസ് കാർഡും ക്ഷണിച്ചു കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
നിയമനം വൈകുന്നതോടെ പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെയും ബാധിക്കുന്നുണ്ട്. ഇവർക്ക് എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ നിയമനം ലഭിക്കാനുള്ള അവസരമാണ് ഇത് മൂലം നഷ്ടമാകുന്നത്. പ്രൈമറി സ്കൂൾ അധ്യാപക നിയമനത്തിന്റെ പൂർണ അധികാരം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർക്കാണ്. നിയമനം എങ്ങനെ വേണമെന്ന് ഡിഡി തലത്തിൽ തീരുമാന മെടുക്കാൻ കഴിയും. നിലവിൽ 50 വയസു കഴിഞ്ഞവരെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയാണ് നിയമനം നടത്തുന്നത്. പ്രമോഷന് കെ-ടെറ്റ് നിർബന്ധ മായതിനാൽ വിരമിക്കാൻ ഒന്ന്, രണ്ട് വർഷം മാത്രമുള്ള അധ്യാപകർ പോലും ടെസ്റ്റ് എഴുതി എടുത്തിരുന്നു. കെ-ടെറ്റ് യോഗ്യത നേടുന്നതിന് 2028 നവംബർ വരെ സമയവും ഉണ്ട്. ഈ സാഹചര്യം നിലനിൽകുമ്പോഴാണ് പത്തനംതിട്ടയിൽ മാത്രം ഇങ്ങനെ ഒരു സാഹചര്യമുള്ളത്.


