കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ കാമ്പയിൻ വിജയം. കാരുണ്യം നിറഞ്ഞ മനസുകൾ കൈകോർത്ത് ചികിത്സയ്ക്കായി വേണ്ട 16.5 കോടി സമാഹരിച്ചു. സേവ് ബേബി മിയ കാമ്പയിനുവേണ്ടി രൂപീകരിച്ച സാമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃശൂർ ആളൂർ സ്വദേശികളായ ജോഷി- നിമ്മി ദമ്പതികളുടെ മകളാണ് മിയ മരിയ.
സേവ് ബേബി മിയ കാമ്പയിനൊപ്പം നിന്ന എല്ലാവർക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിങ്ങളുടെ സംഭാവനകൾ, പ്രാർഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാൻ സഹായിച്ചു. ഈ വിജയം നിങ്ങളിൽ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി.- എന്ന് കുറിപ്പിലുണ്ട്.മിയയുടെ സന്ദേശമായും ഹൃദ്യമായ കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവസരം നൽകിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു എന്നാണ് കുറിച്ചത്.
നിങ്ങളുടെ പ്രാർഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓർക്കണമെന്ന് താഴ്മയോടെ അഭ്യർഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയിൽ നടക്കാനും പൂർണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളർന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാർഥിക്കണമെന്ന് കുറിപ്പിലുണ്ട്. മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിർത്തണമെന്ന് പറയുന്ന മറ്റൊരു പോസ്റ്റും പേജിൽ പങ്കുവെച്ചിട്ടുണ്ട്.


