ഇടുക്കി: ഇടുക്കി ജില്ലയിൽ രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ജില്ലയുടെ മലയോര മേഖലകളിലാണ് രാത്രികാല യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെയാണ് നിയന്ത്രണം. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാലും, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും, ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മലയോര പ്രദേശങ്ങളിൽ കൂടിയുള്ള രാത്രികാല യാത്ര നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് തദ്ദേശീയരും സഞ്ചാരികളുമായ പൊതുജനങ്ങൾ മുന്നറിയിപ്പിനെ ഗൗരവത്തിലെടുക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


