പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ് സി.എസ്ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്.9 പ്രതികളുള്ള കേസിൽ ആറാം പ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചതോടെ, നിലവിൽ ഉള്ള എട്ടു പ്രതികൾക്കെതിരെയാണ് കുറ്റപത്രം.
കഴിഞ്ഞ ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭാഗേൽ എന്ന 31കാരനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് മണ്ണാർക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.


