ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്കും വാക്പോരുകൾക്കും ഒടുവിൽ തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ. 144 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെ സർക്കാർ നേടിയത്. വിശ്വാസ പ്രമേയത്തെ 22 പേർ എതിർത്തപ്പോൾ അഞ്ച് പേർ വിട്ടുനിന്നു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി ഡിഎംകെ,ബിജെപി,പിഎംകെ പാർട്ടികൾ സഭ ബഹിഷ്ക്കരിച്ചു.
എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ചു. സഭയിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയിക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വിപ്പ് നൽകിയെങ്കിലും 24 എംഎൽഎമാർ അത് ലംഘിച്ച് ടിവികെ അനുകൂല നിലപാട് എടുക്കുകയായിരുന്നു.107 എംഎൽഎമാരാണ് ടിവികെക്ക് ഉള്ളത്. അതിന് പുറമെ കോൺഗ്രസിന്റെ അഞ്ച്, സിപിഐ, സിപിഎം പാർട്ടികളുടെ രണ്ട് വീതം എംഎൽഎമാർ, വിസികെ, ഐയുഎംഎൽ പാർട്ടികളുടെ രണ്ട് വീതം എംഎൽഎമാരും പുറത്താക്കപ്പെട്ട എഎംഎംകെ എംഎൽഎ കാമരാജും വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മതേതര പാർട്ടികളുടെ നിരുപാധിക പിന്തുണ സർക്കാരിനുണ്ടെന്നും അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമെന്നും വിസികെ എംഎൽഎ വന്നി അരശ് സഭയിൽ പറഞ്ഞു.
വോട്ടെടുപ്പിന് തൊട്ടുമുൻപ് ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ടർമാരും ടിവികെയെ തള്ളിക്കളഞ്ഞതാണെന്ന് വോട്ടുവിഹിതം ചൂണ്ടിക്കാട്ടി ഉദയനിധി പറഞ്ഞു. വിജയ് സർക്കാരിന് യഥാർത്ഥത്തിൽ 106 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും രാഷ്ട്രപതി ഭരണം ഒഴിവാക്കാനാണ് ഡിഎംകെ സഖ്യകക്ഷികൾ ടിവികെയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.


