എറണാകുളം അങ്കമാലിയിൽ ബിരുദ വിദ്യാർഥിനി ജാസ്ലിയ കാറിടിച്ച് മരിച്ച കേസിലെ പൊലീസ് വീഴ്ചയിൽ അന്വേഷണം. കുടുംബത്തിന്റെ പരാതി ആലുവ DySP അന്വേഷിക്കും.അപകടശേഷം ഭയന്ന് പോയത് കൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്ന പ്രതി ഡോ. സിറിയക് ജോർജിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സിറിയക് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ വാഗമണ്ണിൽ നിന്നാണ് ഡോ. സിറിയക് ജോർജിനെ പോലീസ് പിടികൂടിയത്. ഇതിന് തൊട്ടു പിന്നാലെയാണ് അങ്കമാലി പോലീസിന്റെ വീഴ്ചയിൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദേശം നൽകിയത്. ഫെബ്രുവരി 28ന് ജാസ്ലീയ നടന്നു പോകുമ്പോൾ പുറകെ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് കാർ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാതെ പോലീസിന്റെ അനാസ്ഥ ഉണ്ടായി. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
വാഹനം നിർത്താതെ പോയത് പേടിച്ചത് കൊണ്ടെന്ന ഡോ. സിറിയക് ജോർജിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോ എന്നതാണ് സംശയം. നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സിറിയകിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


