കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. എടപ്പാളിൽ എം വി ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ലൈസന്‍സ് എത്രമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നത് എടപ്പാളിലെ പരിശീലന പരിപാടിക്ക് ശേഷം തീരുമാനിക്കും പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതി തീരുമാനിക്കും.
അതേസമയം, ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. പ്രഭാവതി അമ്മയെ എംവിഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. അതിക്രമങ്ങൾക്കെതിരെ താൻ നേരത്തെയും പ്രതികരിച്ചിട്ടുണ്ടന്നും അവര്‍ പറഞ്ഞു.


