നാരങ്ങാനീരിനേക്കാൾ പോഷകസമൃദ്ധമായ ഒന്നാണ് അതിന്റെ തൊലി എന്നത് ഇന്നും പലർക്കും പുതിയ അറിവായിരിക്കാം. നാരങ്ങയുടെ പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളത് അതിന്റെ തോടിലാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ നാരങ്ങാത്തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മടികാണിക്കേണ്ട.
നാരങ്ങയുടെ ഉള്ളിലെ നീരിനേക്കാൾ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ വിറ്റാമിനുകൾ അതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു എന്നാണ് ശാസ്ത്രീയ കണക്കുകൾ സൂചിപ്പിക്കുന്നത്. കേവലം ഒരു ടേബിൾ സ്പൂൺ (ഏകദേശം 6 ഗ്രാം) നാരങ്ങാത്തൊലിയിൽ നിന്ന് തന്നെ ഒരാൾക്ക് ഒരു ദിവസം ലഭിക്കേണ്ട വിറ്റാമിൻ സിയുടെ ഒൻപത് ശതമാനത്തോളം ലഭിക്കുന്നു. കൂടാതെ എല്ലുകളുടെ ബലത്തിന് ആവശ്യമായ കാൽസ്യം, പേശികളുടെ ആരോഗ്യത്തിന് വേണ്ട പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ ഗണ്യമായ അളവിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


