പത്തനംതിട്ട: ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങൾ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെന്നും മൊഴി. ‘ഡി മണി’ എന്നറിയപ്പെടുന്ന ആൾ ആരാണ് എന്നതിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് വ്യവസായി കൈമാറിയിട്ടുണ്ട്. രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്.
2020 ഒക്ടോബർ 26നാണ് വിഗ്രഹകടത്തിൻ്റെ പണം കൈമാറിയത്. ഡി മണി പണവുമായി തിരുവനന്തപുരത്താണ് എത്തിയിരുന്നത്. പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും മൊഴി ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഇവർ മൂന്ന് പേരും ഹോട്ടലിൽ വന്നതിന്റെ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് വ്യവസായി കൈമാറിയത്. നേരത്തെ രമേശ് ചെന്നിത്തലയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. അദ്ദേഹവുമായി ബന്ധമുള്ള ഒരു വ്യവസായി അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട ആളുകൾക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായി ഇയാളുടെ മൊഴിയെടുക്കുകയായിരുന്നു. ഇതിലാണ് ഗുരുതരമായ വിവരങ്ങൾ പുറത്തുവരുന്നത്.


