ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.
തിരക്കൊഴിഞ്ഞ സമയത്താണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ മാങ്കൂട്ടത്തിനിലെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടതി രാഹുലിന് മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. ഇതോടെ രാഹുൽ ഇന്ന് വോട്ടുചെയ്യാനെത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അതിനിടെ രണ്ടാമത്തെ പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. രാഹുൽ സ്ഥിരംകുറ്റവാളിയെന്ന് സർക്കാർ പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്.
രാഹുലിന് ജാമ്യം അനുവദിച്ചുള്ള തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിൽ ചില ഗുരുതരമായ പരാമർശങ്ങളുണ്ട്. ഇത് കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഹൈക്കോടതിയിൽ ജാമ്യം റദ്ദ് ചെയ്യാൻ അപ്പീൽ നൽകിയത്. സെഷൻസ് കോടതി തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. രാഹുൽ സ്ഥിരം കുറ്റവാളിയാണ്. ജാമ്യം അനുവദിച്ചാൽ കേസ് ആട്ടിമറിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപീൽ ഹർജിയിൽ ഉള്ളത്.


