പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര് 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. അതിനിടെ ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു. ഇതിനിടെ ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി പുഷ്പ തമിഴ്നാട്ടിലേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞു.